ആറു പതിറ്റാണ്ടിനിടെ ആദ്യം; നാഗാലാൻഡ് നിയമസഭയിൽ ദേശീയഗാനം മുഴങ്ങി, ചരിത്രമായി

ആറു പതിറ്റാണ്ടിനിടെ ആദ്യം; നാഗാലാൻഡ് നിയമസഭയിൽ ദേശീയഗാനം മുഴങ്ങി, ചരിത്രമായി

ന്യൂദൽഹി: ഒടുവിൽ നാഗാലാൻഡ് നിയമസഭയിൽ ദേശീയ ഗാനം മുഴങ്ങി. അതും നാഗാലാൻഡിന് സമ്പൂർണ്ണ സംസ്ഥാന പദവി ലഭിച്ച് 60 വർഷത്തിനിടെ ഇതാദ്യമായി. വിഘടന വാദവും അക്രമങ്ങളും തകർത്തെറിഞ്ഞ സംസ്ഥാനത്ത് ദേശീയഗാനം ആലപിച്ചത് ചരിത്ര മുഹൂർത്തമായി. 1963 ഡിസംബർ ഒന്നിനാണ് നാഗാലാൻഡിന് സമ്പൂർണ്ണ സംസ്ഥാന പദവി ലഭിച്ചത്. ഇന്ത്യയിലെ 16-ാമത് സംസ്ഥാനമാണ്.എല്ലാ സംസ്ഥാനങ്ങളിലും ബജറ്റ് സമ്മേളനത്തിനു മുൻപ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗമുണ്ട്.ഇതിനു തൊട്ടുമുൻപും ഇതു കഴിഞ്ഞുമാണ് ദേശീയഗാനം ആലപിക്കുക. എന്നാൽ,നാഗാലാൻഡിൽ ഇങ്ങനെ ദേശീയഗാനം ആലപിക്കുമായിരുന്നില്ല, നിയമസഭാ സെക്രട്ടറി പി.ജെ. ആന്റണി പറഞ്ഞു.സ്പീക്കർ ഷെറിങ്ങ്ഗെയിൻ ലോങ്കുമാർ മുൻകൈയെടുത്താണ് ഇക്കുറി ഗവർണ്ണറുടെ പ്രസംഗത്തിനു മുൻപും ശേഷവും ദേശീയഗാനം ആലപിച്ചത്. ഞാൻ നിർദ്ദേശം വച്ചു. സ്പീക്കർ അംഗീകരിച്ചു, പി.ജെ. ആന്റണി പറഞ്ഞു.നിർബന്ധമായും എന്തുകൊണ്ട് ദേശീയ ഗാനം ആലപിക്കാറില്ലെന്ന് അറിയില്ല.നിയമസഭകളിൽ ദേശീയ ഗാനാലാപനം നിർബന്ധമല്ല. എന്നാൽ,അതിനെ ബഹുമാനിക്കുകയെന്നത് പൗരന്റെ അടിസ്ഥാന കടമയാണ്, ലോക്സഭാ മുൻസെക്രട്ടറി ജനറൽ സുഭാഷ് കശ്യപ് പറഞ്ഞു.